And the moral of the story is...

കവിയുടെ ആശയം ഗ്രഹിച്ച് കാവ്യം രസിക്കാന്‍ കഴിയുന്നവനാണ് 'സഹൃദയന്‍' - ശബ്ദതാരാവലി

എല്ലാ കഥകള്‍ക്കും ഒരു ഗുണപാഠമുണ്ടോ? പണ്ട് സ്കൂളില്‍ പഠിപ്പിച്ചിരുന്ന മിക്ക കഥകള്‍ക്കും ഒരു positive moral lesson ഉണ്ടായിരുന്നതായി തോന്നുന്നു. ഒരു പക്ഷേ ആ കഥകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടുന്നതിനായ ഒരു അനിവാര്യതയായിരിക്കാം. പരീക്ഷകളില്‍, 'കഥ മെനയാനുള്ള' ചോദ്യങ്ങള്‍ക്ക് കഥയുടെ അവസാനം ഒരു ഗുണപാഠം (moral of the story) കൂടി എഴുതിയാല്‍ കൂടുതല്‍ മാര്‍ക്കുകിട്ടും എന്ന് അദ്ധ്യാപകര്‍ പറഞ്ഞുതന്നിരുന്നു. ഒരു കഥക്ക് ഒരു inference ആവശ്യമാണ് എന്ന് ഇത് സൂചിപ്പിക്കുന്നു.

ഞാന്‍ ഈയടുത്തായി കുറേ വായിക്കാന്‍ തുടങ്ങി. മലയാളം ക്ലാസ്സിക്കുകളായിരുന്നു ഏറെയും. പോരാതെ, ഒരുപാടു സിനിമകള്‍ കാണുന്ന കൂട്ടത്തിലാണ് ഞാന്‍. ഇപ്പോള്‍ എനിക്കൊരു സംശയം. എന്താണ് വായനക്കാരനില്‍ നിന്നും എഴുത്തുകാരന്‍ (*കാരന്‍ / *കാരി) പ്രതീക്ഷിക്കുന്നത്? അല്ലെങ്കില്‍ ഒരു കഥ വായിച്ചു കഴിയുമ്പോള്‍, അതില്‍ നിന്ന് ഒരു പാഠം ഉള്‍ക്കൊള്ളണമെന്നോ, ഒരു നിഗമനത്തില്‍ എത്തിച്ചേരണമെന്നോ ഉണ്ടോ? ഇല്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു.

ഉദാഹരണത്തിന്, ഈയടുത്തിറങ്ങിയ ശ്യാമപ്രസാദിന്റെ 'ഒരേ കടല്‍' എന്ന ചിത്രം. 'ഇന്നിടത്തു തുടങ്ങി ഇന്നിടത്തവസാനിക്കുന്നു' എന്നുപറയാനാകാത്ത, പക്ഷേ മനോഹരമായ കഥ. പ്രത്യേകിച്ച് നിഗമനങ്ങളോ, എന്തിന് ഒരു പരിസമാപ്തിയോ ഇല്ലാതെ കഥ നിര്‍ത്തിയിരിക്കുന്നു. ഇനിയെന്ത് എന്ന വിഷമിപ്പിക്കുന്ന ചോദ്യം മാത്രം ബാക്കി. എനിക്ക് പരിചയമുള്ള പലര്‍ക്കും ഇത്തരം സിനിമകള്‍ ഇഷ്ടമല്ല. ക്ലൈമാക്സില്‍ എന്തെങ്കിലും കൊണ്ട് ശുഭമായോ ട്രാജഡിയായോ കഥ തീരണം. അതായത് കഥക്ക് ഒരവസാനം വേണം. ഇതുപോലെയുള്ള ഞാന്‍ കണ്ട മറ്റൊരു ചിത്രമാണ് 'The Graduate (1967)'.

ഇന്നലെ ജുംപാ ലഹിരിയുടെ 'Interpreter of Maladies' വായിച്ച് തീര്‍ത്തു. 9 ചെറുകഥകളുടെ ഒരു സമാഹാരം. അവ വായിച്ചു കഴിഞ്ഞപ്പോഴാണ് ഈ ചോദ്യം മനസ്സില്‍ തോന്നിയത്. കഥകളെല്ലാം വളരെ നന്ന്. ചിന്തിപ്പിക്കുകയും, അല്പം ഉദ്വേഗം ജനിപ്പിക്കുകയും, പുഞ്ചിരിപ്പിക്കുകയും കൂടി ചെയ്യുന്ന കഥകള്‍. പക്ഷേ, നേരത്തേ പറഞ്ഞതുപോലെ പ്രത്യേകിച്ച് ഒരു inference ഒന്നും ഒന്നില്‍ നിന്നും കിട്ടില്ല. അതിന്റെ ആവശ്യമില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ പറഞ്ഞ കാര്യങ്ങള്‍ തന്നെയേ എഴുത്തുകാരിയും ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു.

വായനക്കാരനെ കഥയിലൂടെ, ബന്ധം മുറിയാതെ, താല്പര്യം പോകാതെ കൊണ്ടുപോകുക എന്നത് മാത്രമാണ് കഥയുടെ ആത്യന്തികമായ ലക്ഷ്യം എന്നിപ്പോള്‍ തോന്നുന്നു. എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയും മറ്റുമൊക്കെ അതിനു ശേഷം മാത്രം. എന്നിരിക്കുലും, പ്രേക്ഷകന്റെ ആസ്വദിക്കാനുള്ള കഴിവിനെ ഉയര്‍ത്തുന്ന (എന്താണ് ഉയര്‍ച്ചയുടെ മാനദണ്ഡമെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമില്ല) കൃതികള്‍ക്ക് മാത്രമേ ഞാന്‍ വിലകൊടുക്കുന്നുള്ളൂ.. അതുകൊണ്ടുതന്നെ, 'മ'-പ്രസിദ്ധീകരണങ്ങളോടും, മെഗാ സീരിയലുകളോടും, ദിലീപ്/മണി സിനിമകളോടും മതിപ്പില്ല.

-------

ഇപ്പോള്‍ ഓ.വി. വിജയന്‍ ('കടല്‍തീരത്ത്' അസാദ്ധ്യം!), എസ്.കെ പൊറ്റെക്കാട്ട്, ജുംപാ ലഹിരി, അരുന്ധതി റോയ്, സേതു എന്നിവര്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. ടി.പദ്മനാഭന്റെ എഴുത്തിനേക്കുറിച്ച് കേട്ടപ്പോഴുണ്ടായ മതിപ്പ് വായിച്ചപ്പോല്‍ പോയി. കാക്കനാടനാണ് പുതിയ പരീക്ഷണം. കാവിലമ്മ അനുഗ്രഹിക്കട്ടെ.

Comments

Popular posts from this blog

Qt - Enabling qDebug messages and Qt Creator

പേര്

Dakhani Degh - Restaurant